മുന്നിലിതാ
ഒരു പാട് കത്തുകള്‍. എല്ലാം ഒരു പെണ്‍കുട്ടി എനിക്ക് അയച്ചതാണ്. വടിവൊത്ത
അക്ഷരങ്ങള്‍ കൊണ്ട് പ്രണയാതുരമായ ഭാഷയില്‍ എഴുതിയ കത്തുകള്‍. പിന്നെ
കൊഴിഞ്ഞുപോയൊരു വസന്ത കാലത്തിന്റെ ഓർമക്കുറിപ്പുകള്‍ പോലെ ചില കത്തുകളില്‍
നിറം മങ്ങിയ പൂവിതളുകളും.
ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത് അവളെ
കുറിച്ചാണ്. ഈ കത്തുകളെല്ലാം അവള്‍ എനിക്കയച്ചത് തന്നെ. എന്നാല്‍ അവള്‍
ആരാണെന്നോ, എവിടെയാണെന്നോ എനിക്ക് നല്ല നിശ്ചയമില്ല. ഒരു നഷ്ട്ട
സ്വപ്നത്തിന്റെ ശ്ലഥകാല ചിത്രങ്ങളായ ഈ കത്തുകള്‍ എനിക്ക് നല്‍കിയ ശേഷം ഒരു
പക്ഷെ അവള്‍ മരിച്ചു പോയിരിക്കാം.
അങ്ങനെ ഒരു നിഗമനത്തില്‍ ഏതാണെ എനിക്ക് തരമുള്ളു. കാരണം ഒരുപാട് നാളായി
അവളുടെ കത്തുകള്‍ വരാതെയായിട്ട്. പിന്നെ എന്റെ കിനാവുകളില്‍
നിഴലിക്കാറുള്ള അവളുടെ ശാലീനമായ മുഖവും എന്റെ മനസ്സില്‍ നിന്ന് പാടെ
മുറിഞ്ഞു മാറിയിരിക്കുന്നു. അറിയപ്പെടാത്ത ആ പെണ്‍കുട്ടിയുടെ അസതിത്വം ഈ
കത്തുകളില്‍ മാത്രമായി ചുരുങ്ങി പോയിരിക്കുന്നു.
ഇപ്പോള്‍ ഒരു തരം നശിച്ച ചിന്ത എന്നെ അലോസരപ്പെടുത്തികൊണ്ടിരിക്കുന്നു.
എനിക്ക് അജ്ഞാതയായ ഒരു പെണ്‍കുട്ടിയുടെ കത്തുകള്‍ എങ്ങനെ എന്റെ കയ്യില്‍
വന്നുപെട്ടു ? ഒരു പക്ഷെ ഇതെല്ലാം എന്റെ ഒരു തരം തോന്നല്‍
മാത്രമായിരിക്കാം. എനിക്ക് മുന്നില്‍ ചിതറി കിടക്കുന്ന ഈ നീല
കടലാസ്സുകള്‍, സ്നേഹത്തിന്റെ സംഗീതാത്മക ഭാഷയിലുള്ള ഭംഗിയേറിയ ഈ
അക്ഷരങ്ങള്‍, പൂവിതളുകള്‍.... എല്ലാം...
എന്നാലും ഈ കത്തുകളിലുള്ള
പൂവിതളുകളെല്ലാം ഞാന്‍ പെറുക്കി വെക്കട്ടെ. എനിക്ക് ഇനിയും ഒരുപാട് യാത്ര
ചെയ്യാനുള്ളതാണല്ലോ. യാത്രക്കിടയില്‍ കണ്ടു മുട്ടുന്ന അജ്ഞാതയായ ഒരു
പെണ്‍കുട്ടിയുടെ ശവകുടീരത്തില്‍ കണ്ണീര്‍ മുത്തുകള്‍ പോലെ ഇവ
അര്‍പ്പിക്കാമല്ലോ.
No comments :
Post a Comment