Pages

മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍

Saturday, September 28, 2013

അങ്ങനെ ഒരു വെള്ളിയാഴ്ച കൂടി…മരുഭൂമിയില്‍ ഒട്ടകങ്ങളെ പോലെ മേഞ്ഞുനടക്കാന്‍ വിധിക്കപ്പെട്ട പ്രവാസികള്‍ക്ക് തങ്ങളും മനുഷ്യരാണെന്ന് ചിന്തിച്ചെടുക്കാന്‍ അവസരം ലഭിക്കുന്ന ദിവസം.ഒഴിഞ്ഞ ബഡ് വൈസര്‍ഉം ഹെയിനിക്കെനും മേശപ്പുറത്ത് തന്നെയുണ്ട്- അവധി ദിനത്തിലെ സുഹൃത്തുക്കള്‍.

ഇന്ന് പതിവിലും വൈകിയിരിക്കുന്നു.എന്തോ ഒരു തളര്‍ച്ച ശരീരത്തെയും മനസ്സിനെയും ബാധിച്ച പോലെ.വല്ലാതെ മെദേഡിക്കല്‍ ആവുന്നുണ്ട് ലൈഫ്, ദിവസവും ഷാര്‍ജ - ദുബായ് ഹൈവേയിലെ ഹെവി ട്രാഫിക്കിലൂടെ ജോലി സ്ഥലത്തേക്ക് 2മണിക്കൂര്‍ നീണ്ട യാത്ര, കമ്പ്യുട്ടറുകള്‍ക്കിടയില്‍ ഒരു പകല്‍, തിരികെ ഷാര്‍ജ കിംഗ്‌ ഫൈസ്സല്‍ റോഡിലുള്ള അപ്പാര്‍ട്ട്മെന്‍റ്റിലേക്ക്.


രാത്രിയില്‍ എപ്പോഴോ നിര്‍ത്താതെ റിംഗ് ചെയ്തിരുന്ന മൊബൈല്‍ സൈലന്റ് മോഡില്‍ ഇട്ടപോലോരോര്‍മ്മ .. ഓ മൈ ഗോഡ്!! 18മിസ്സ്ഡ് കോള്‍സ്, ഒപ്പം കൃഷ്ണ യുടെ മെസേജും "നമ്മുടെ ജാസ്..., ആക്സിഡന്‍റ്റ് ആണെന്നാ അറിഞ്ഞെ".

*********
ജാസ്മിന്‍,കലാലയം നല്‍കിയ ഭംഗിയുള്ള ഒരു സമ്മാനം ,ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന ഒരു സൗഹൃദം.'അവളുടെ മരണം' - ഞെട്ടലോ ദുഖമോ ഒന്നുമല്ല ഒരുതരം നിര്‍വികാരത!! ഇതു എന്തോ പ്രതീക്ഷിച്ചിരുന്നത് പോലെ. ഒടുവില്‍ അവള്‍ മനസ്സിന്റെ ആ ധൈര്യം കണ്ടെത്തിയിരിക്കണം.


പൊതുവേ വായടിയെന്നു കോളേജില്‍ അറിയപ്പെട്ടിരുന്ന അവളുടെ മറ്റൊരു മുഖം- ഒരു മസോക്കിസ്ടിന്റെ , സെല്‍ഫ് ഇന്‍ഫ്ലിക്റ്റഡ് മെന്‍റ്ല്‍ പെയ്നില്‍ അഭയം കണ്ടെത്തിയിരുന്ന ഒരു മനസ്സ്.വിവാഹ മോതിരം വിരലില്‍ അണിഞ്ഞു ഒരു മാസം തികയും മുമ്പ് പ്രിയപ്പെട്ടവന്റെ പുതിയ കാമുകിക്ക് വേണ്ടി അത് ഊരി മാറ്റേണ്ടി വന്നു അവള്‍ക്ക്.


ബാല്യത്തിന്‍റെ ഒറ്റപെടലുകളില്‍ എവിടെയോ വെച്ച് തന്നെ കെട്ടുപൊട്ടിച്ചു സഞ്ചരിച്ചു തുടങ്ങിയിരുന്ന അവളുടെ മനസ്സിന് പ്രതീക്ഷകള്‍ക്കും അപ്പുറം ആഴത്തില്ലുള്ള മുറിവേല്‍പ്പിച്ചു ആ സംഭവം.


എന്‍റെ ജാസ്.. ശ്രീകൃഷണന്‍റെ മുഖമുള്ള അവളുടെ ലിറ്റില്‍ ഹാര്‍ട്ട്‌ .. അവരുടെ പ്രണയം ..ഒടുവില്‍ ഒരു കുഞ്ഞു മുല്ലപ്പൂവിന്‍റെ ഹൃദയത്തിലെ മുറിവ്‌.


" മനു, എന്‍റെ ഉള്ളില്‍ ചങ്ങലക്കിട്ടിരിക്കുന്ന ഒരു ഭ്രാന്തിയുണ്ട്..അവള്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു തുടങ്ങിയിരിക്കുന്നു..എന്‍റെ വിലക്കുകളെ പൊട്ടിച്ചെറിഞ്ഞു പുറത്തു വരാന്‍ പോന്ന ശക്തി അവള്‍ നേടിയെടുക്കുമോ? എനിക്ക് പേടിയാവുന്നു .. "


"ഒന്നുമില്ല മോളെ അവന്‍റെ കൈയിന്നു നീ രക്ഷപെട്ടില്ലേ, ഇനി ഒരിറ്റു കണ്ണ് നീര്‍ പോലും വീഴരുത് അവനു വേണ്ടി .. ദാറ്റ്‌ ബ്ലഡി ഷാമ്മര്‍ ഡസിന്റ് ഡിസെര്‍വ് ഇറ്റ്‌."


"മുല്ലപ്പൂവിന്‍റെ ഇതളുകള്‍ വാടി തുടങ്ങും പോലെ "
**********

പിന്നീട് ചെറിയ ഒരിടവേളക്ക് ശേഷം എല്ലാം മറന്നു കോളെജിലേക്ക് അവള്‍ മടങ്ങിയെത്തി ..പഴയതിനേക്കാള്‍ മിടുക്കിയായ്‌ . സന്തോഷത്തിന്‍റെ ആ പഴയ ദിനങ്ങള്‍ മടങ്ങിയെത്തിയ പോലെ.

കോഴ്സ് കംബ്ലീറ്റ് ചെയ്യും മുന്‍പ് എനിക്കീ മരുഭൂമിയിലേക്ക് വരേണ്ടിവന്നു.പിരിയും മുന്‍പ് എന്‍റെ ഡയറി താളുകള്‍ ഒന്നില്‍ അവള്‍ അവസാനമായി കുറിച്ചിട്ടു ..

'കടുത്ത നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത ഒരു ഭ്രാന്തന്‍ സ്വപ്നമാണ് എനിക്ക് പ്രണയം.മഞ്ഞു പോലെ തണുത്ത ഒരു സുഖം .എനിക്ക് സ്വപ്‌നങ്ങള്‍ തരരുത് .എനിക്ക് ചിത്രമെഴുത്ത്‌ അറിയില്ല.എത്ര ശ്രമിച്ചിട്ടും അനുപാതം തെറ്റാതെ വര്‍ണക്കൂടുകളെ ചാലിച്ചെടുക്കാന്‍ ആവുന്നില്ല. എന്‍റെ ചിത്രത്തിന് സ്നേഹത്തിന്‍റെ ഇളം നിറങ്ങളെ കൂട്ടിയെടുക്കാന്‍ ആവുന്നില്ല.ഇനിയൊരിക്കലും ഞാന്‍ ചിത്രമെഴുതില്ല, പ്രണയവര്‍ണങ്ങള്‍ നെയ്ത സ്വപ്‌നങ്ങള്‍ കാണില്ല ..'
ഒന്ന് മാത്രം മനസ്സിലായി .മുല്ലപ്പൂവിന്‍റെ ഹൃദയത്തിലെ മുറിവ്‌ ഉണങ്ങിയിട്ടില്ലെന്നു..

*****
ചാറ്റിലൂടെയും ഫോണിലൂടെയും തുടര്‍ന്ന് പോയ സൗഹൃദയത്തിന്റെ നാളുകള്‍....... ഇടക്ക് ചിലപ്പോള്‍ മാസങ്ങളോളം അവളെ കുറിച്ചൊരറിവും ഉണ്ടാകില്ല സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും തന്നെ .. കോള്‍സ് അറ്റെന്റ് ചെയ്യില്ല മേയില്‍സിനു റിപ്ലെ ഇല്ല , ഒരു തരം അജ്ഞാതവാസം..
പിന്നീട് വേനല്‍ ചൂടിലേക്ക് പെയ്തിറങ്ങുന്ന മഴമേഘങ്ങള്‍ പോലെ ഓരോ മഴക്കാലങ്ങള്‍ തീര്‍ത്തുകൊണ്ടുള്ള മടങ്ങി വരവുകള്‍. അതിനെ കുറിച്ച് ചോദിക്കുമ്പോഴോന്നും വ്യക്തമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല അവള്‍ക്ക്‌. ' ബൈ പോളാര്‍ ഡിസോഡര്‍ പീരീഡ്‌' എന്നൊരു ഒഴുക്കന്‍ മറുപടിയും.
*****
മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ........
ജാസ്മിന്‍റെ വിവാഹം !!!
അവള്‍ തന്നെയാ ആ വാര്‍ത്ത‍ അറിയിച്ചത് . "മനു , അങ്ങനെ മുല്ലപൂവിനു മിന്നുകെട്ട് "
" ജാസ് .."
"യ, പേര് സൂരജ് , കുവൈറ്റിലാ, ഒരു "ഇഞ്ചി നീര്" ഹ ഹ .."
"ആഹ അപ്പൊ ഇനി മരുഭൂമിയില്‍ മുല്ലപ്പൂക്കള്‍ വിരിയുമല്ലോ "
"ഇത് ഏതോ യു .എസ്സ് മിലിട്ടറി ബയ്സാ , വല്ല ഷെല്ലോ , മിസ്സൈലോ വീണു മുല്ലപ്പൂ കരിയാതിരുന്നാ മതി "
"അപ്പൊ മുല്ലപ്പൂ ഇനി സൂര്യന്‍റെ സ്വന്തം , എന്‍റെ മോള്‍ക്ക് നല്ലതേ വരൂ "
കമ്പനിയുടെ ചില പ്രൊജക്റ്റ്‌ വര്‍ക്കുകള്‍ക്കായി ആറുമാസം നീണ്ടുനിന്ന എന്‍റെ കുവൈറ്റ്‌ വാസം ,മംഗഫ്ഫിലെ അടുത്തടുത്ത ഫ്ലാറ്റിലെ താമസം. സൂരജുമായി കൂടുതല്‍ അടുക്കുകയും അവരുടെ ജീവിതത്തെ അടുത്തറിയുകയും ചെയ്ത നാളുകള്‍ .അപരിചിതര്‍ പോലും പെട്ടന്ന് അടുത്തുപോകുന്ന തരം ഫ്രെണ്ട് ലി ക്യാരക്റ്റെര്‍ ആയിരുന്നു സൂരജിന്‍റെത്.
"മനു , സൂര്യന്‍റെ കൈകളില്‍ മുല്ലപൂവിനു ഭംഗിയേറുന്നില്ലേ ??"
"ജാസ് , ഹി ഇസ് റിയലി അ നയിസ് മാന്‍.."
"ആഹ എത്തിയോ മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍, ഫ്രണ്ടുക്കള്‍ രണ്ടൂടെ എന്നതാ ഒരു ഗൂഡാലോചന ?"
" ചില അമേരിക്കന്‍ ചാരന്‍ മാരെ അല്‍ ഖ്വൈദക്ക് കൈമാറുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാ, എന്താ മിസ്റ്റര്‍. സൂരജ് ദേവന്‍ കൂടുന്നോ

?"
"ആക്കല്ലേ മോളെ ചേട്ടനിതോക്കെ എത്ര കണ്ടിരിക്കുന്നു, അളിയാ മനു കുട്ടാ വൈകിട്ടത്തെ പ്രോഗ്രാംസ് എല്ലാം ഓക്കേ അല്ലെ ?"
"ഡബിള്‍ ഓക്കേ, അളിയാ "

"എന്നാ ഓക്കേ? എന്താ രണ്ടൂടി ? സംതിംഗ് സ്ടിങ്കി ???"
"പോടീ പോടീ , ആദ്യം നിന്റപ്പന്‍ ആ താടിക്കാരനെ വെള്ളം ഒഴിക്കാതെ ബിയര്‍ അടിക്കാന്‍ പഠിപ്പിക്ക്, എന്നിട്ട് വാ ആണുങ്ങളോട് സംസാരിക്കാന്‍ "
"ഇത് കണ്ടോ മനൂ കളിയാക്കണേ, അറിയാതൊന്നു ചോദിച്ചുപോയി ബിയറില്‍ വെള്ളം ഒഴിക്കില്ലേന്നു അന്ന് തുടങ്ങീതാ.."

**********
പിന്നീട് കൃഷ്ണ പറഞ്ഞാ അറിയുന്നത് ,ജാസ് ഹോസ്പിറ്റലൈസ്സ്ഡാണെന്നും, ക്യാന്‍സര്‍ ബാധിച്ചു തുടങ്ങിയ അവളുടെ യൂട്രസ്സ് റിമൂവ് ചെയ്യേണ്ടി വന്നെന്നും. അന്ന് സൂരജിനെ വിളിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ ഒന്നും തോന്നിയില്ല .സൂര്യ പ്രകാശം വീണു തുടങ്ങിയ മുല്ലപൂവിന്റെ ജീവിതം ..അത് മാത്രമായിരുന്നു മനസ്സില്‍ .


സൂരജില്‍ നിന്ന് തന്നെയാണ് ഒടുവില്‍ എല്ലാം അറിഞ്ഞത്‌. അവരുടെ വിവാഹത്തെ കുറിച്ച് പിന്നെ അവളുടെ ആ പഴയ അജ്ഞാത വാസ ദിനങ്ങളെ കുറിച്ച്. കോളേജിലെ ലാസ്റ്റ് ഡേയ്സ്സില്‍ തന്നെ അവള്‍ ഭയപ്പെട്ടിരുന്നത് പോലെ മനസ്സിന്‍റെ ചങ്ങലപ്പൂട്ടുകള്‍ തകര്‍ത്ത് അവളിലെ ആ മറ്റൊരുവള്‍ പുറത്തുവന്നു.മൂന്നു മാസത്തെ ട്രീറ്റ്മെന്‍റ് , സൂരജിന്‍റെ അമ്മയുടെ അടുത്ത്. ഒടുവില്‍ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം വീണ്ടെടുത്ത അവളെ ജീവിതത്തിലേക്ക് കൂട്ടാം എന്നുള്ള സൂരജിന്‍റെ തീരുമാനം ,എല്ലാം അറിഞ്ഞു കൊണ്ട് തന്നെ .എന്നിട്ടും വിധി വീണ്ടും അവളോട്...

"മനൂ, എന്തൊക്കെ തന്നെ സംഭവിച്ചാലും ഇനി ഒരിക്കല്‍ കൂടി അവളെ ആ പഴയ അവസ്ഥയിലേക്ക് ഞാന്‍ വിട്ടു കൊടുക്കില്ല , ഞങ്ങള്‍ ജീവിക്കുമെടോ ,സന്തോഷത്തോടെ "

പരസ്പരം അറിഞ്ഞും സ്നേഹിച്ചും ഉള്ള കുടുംബ ജീവിതം.അന്നൊക്കെ മിക്കവാറും ദിവസങ്ങളില്‍ അവളെന്നോട് സംസാരിക്കാരുണ്ടായിരുന്നു.


"മനൂ, എന്‍റെ സൂരജിന് നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുക്കാമോ? തിളങ്ങുന്ന മുഖമുള്ള , നീണ്ടമുടിയുള്ള , പാട്ടുപാടനറിയുന്ന..പിന്നെ ..പിന്നെ ..അമ്മയാവാന്‍ കഴിയുന്ന ..."

"ജാസ് , നിര്‍ത്തിക്കോ നിന്‍റെ അഹങ്കാരം.."
" ചൂടാവാതെ എന്‍റെ മനു സാറേ , ഹാ പിന്നെ അവളുടെ കണ്ണുകള്‍ക്ക് എന്റത്ര ഭംഗി വേണ്ട ..യു നോ സൂരജിന് ഏറ്റവും ഇഷ്ടം എന്‍റെ കണ്ണുകളാ"
"പോ പെണ്ണെ അവിടുന്ന് , ഈ ക്വാളിറ്റീസ് എല്ലാം ചേര്‍ത്ത് ഞാനൊരു കസ്റ്റമൈസ്‌ട് പീസിനെ ഒണ്ടാക്കി കൊടുക്കാം നിന്‍റെ കെട്ട്യോനു കെട്ടി പണ്ടാരവടങ്ങാന്‍"


"മനൂ, ഒരു സ്ത്രീയുടെ പൂര്‍ണത മാതൃത്വത്തിലാണ്, സൂരജിനും വേണ്ടേ ഒരു ലൈഫ് , എത്ര നാളാ ഇങ്ങനെ സ്നേഹത്തിന്‍റെ പേരില്‍ ആ പാവത്തെ ശിക്ഷിക്കുന്നത് , ഒരു കുഞ്ഞില്ലാത്ത അവസ്ഥ അത് ഉണ്ടാക്കുന്ന ഗാപ്‌ സ്നേഹത്തില്‍ വരുത്തുന്ന വിള്ളല്‍ അത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് ചിലപ്പോഴൊക്കെ , എത്ര ആത്മാര്‍ത്ഥസ്നേഹത്തിലും "
അമ്മയാവാന്‍ കഴിയില്ലെന്നുള്ള സത്യം അവളെ വല്ലാതെ വെട്ടയാടുന്നുണ്ടായിരുന്നു . എങ്കിലും സൂരജ് അവള്‍ക്ക് ധൈര്യം കൊടുത്ത് കൂടെ ഉണ്ടായിരുന്നു . അവര്‍ നാട്ടില്‍ സെറ്റില്‍ ചെയ്യാന്‍ തീരുമാനിച്ചു. അതിനു ശേഷം സംസാരങ്ങള്‍ വളരെ കുറവായിരുന്നു .ഇടയ്ക്കിടെ എത്തുന്ന മെയിലുകള്‍. ഒന്നോ രണ്ടോ വരികളില്‍ അവളുടെ മനസ്സും ജീവിതവും ഒതുക്കിയ സന്ദേശങ്ങള്‍.നീണ്ട ഇടവേളക്ക് ശേഷം ഒരു വര്‍ഷം മുന്‍പ് ഒരു മെയില്‍.
'ഇത് കനല്‍ മഴക്കാലം .. പറഞ്ഞു തീര്‍ക്കാനാവാത്ത നോവിനെ മനസ്സിന്‍റെ ഉള്ളറയില്‍ നീറാന്‍ വിട്ട്.. ആത്മാവിനെയും ശരീരത്തെയും വെറുത്തു കൊണ്ട് , മൃതിയുടെ സ്മൃതിയെ പുണര്‍ന്നു, കണ്ണിരു വീണു കുതിര്‍ന്ന തലയിണയില്‍ മുഖമമര്‍ത്തി വിതുമ്പി, നാല് ചുവരുകളുടെ ഏകാന്തതയില്‍ ശപിക്കപ്പെട്ടവളെ പോലെ, ഇങ്ങനെ ...എന്‍റെ തെറ്റ് , എന്‍റെ മാത്രം തെറ്റ് .. ഇത് മഴക്കാലം കണ്ണീര്‍.. ,മഴക്കാലം. കെട്ടുതാലിക്കൊപ്പം മാറോട് ചേര്‍ന്ന് നിന്നിരുന്ന എന്‍റെ ഹൃദയതിനരികിലും ഞാന്‍ തനിച്ചാണിന്നു.. മൈ പെറ്റല്സ്സ് ഗോട്ട് വിദേട്..'
പിന്നെ കേള്‍ക്കുന്ന വാര്‍ത്ത സൂരജും ജാസ്മിനും പിരിയാന്‍ തീരുമാനിച്ചെന്നു. ഡിവോഴ്സിനു ശേഷം മാസങ്ങള്‍ക്കുളില്‍ സൂരജിന്‍റെ വിവാഹം , പ്രണയ വിവാഹം. ജാസ്മിന്‍ അമ്മക്കൊപ്പം മണാലിയില്‍.ഇടയ്ക്കിടെ എത്താറുള്ള മെയിലുകള്‍ അവയില്‍ പേടിപെടുത്തുന്ന ഒരുതരം പുകമറ. ജാസ്മിന്‍റെ അവസാന മെയില്‍ ഒരാഴ്ച മുന്‍പുള്ളത്..


'ഇനി വരുന്ന നാളുകളില്‍ ഏതെങ്കിലുമൊന്നില്‍ എന്‍റെ മരണം ;കാലത്തിന്‍റെ താളുകളിലൊന്നില്‍ പണ്ടെങ്ങോ എഴുതിച്ചേര്‍ക്കപ്പെട്ട എന്‍റെ മരണം. എറിഞ്ഞുടക്കാന്‍ കഴിയുന്ന ഒരു ചില്ലുപാത്രമായിരുന്നു ജീവിതമെങ്കില്‍ എത്രയോ ഋതുക്കള്‍ക്ക്‌ മുന്‍പേ അത് ഉടക്കപെട്ടു കഴിഞ്ഞിരുന്നേനെ.. നടന്നകന്ന കാലങ്ങളിലെക്കൊരു തിരിച്ചുപോക്ക് ഇനി അസാധ്യം.. ഈ ജന്മം അവസ്സാനിക്കുകയാണ് ..എനിക്ക് നഷ്ട്ടപെടുകയാണ്..എന്‍റെ നഷ്ടങ്ങളില്‍ ഓരോന്നിലും ആരുടെയൊക്കെയോ നേട്ടങ്ങളുണ്ട്. ഇത്ര കാലവും ഞാന്‍ ചിന്തിച്ചിരുന്നത് എന്‍റെ നഷ്ടങ്ങളെ പറ്റിആയിരുന്നു,ഇനി എന്‍റെ ചിന്തകള്‍ ഞാന്‍ വരുത്തിയ നഷ്ടങ്ങളെ കുറിച്ച് , എന്‍റെ പ്രായശ്ചിത്തങ്ങളെ കുറിച്ച്.. മുല്ലപ്പൂ കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു ..ഇനിയൊരു മഴക്കാലത്തെ അതിജീവിക്കാനുള്ള ശക്തി ഈഇതളുകള്‍ക്കില്ല'
******


മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍....കൊഴിഞ്ഞ പൂവിതളുകള്‍ ...ബാക്കിയായ സുഗന്ധം...



ഓരോന്ന് ചിന്തിച്ചു സമയം പോയതറിഞ്ഞില്ല. വല്ലാത്ത ഒരു തളര്‍ച്ച , ഇത്തിഹാദ്ദ് പാര്‍ക്കിലേക്കുള്ള പതിവ് യാത്രയും ഒഴിവാക്കി, മനസ്സ് മുഴുവന്‍ മുല്ലപ്പൂവും അവളുടെ സൂര്യനും.. ഏത് നിമിഷത്തിലാവും സന്ധ്യ അവര്‍ക്കിടയില്‍ നിഴല്‍ വീഴ്ത്തി തുടങ്ങിയത്...!!!


നാട്ടില്‍ നിന്നാണ് കോള്‍ അമ്മയാ..
"മനു കുട്ടാ നമ്മടെ ജാസ്മിന്‍ .., കാര്‍ താഴ്ച്ചയിലേക്ക്‌ മറിഞ്ഞതാ, നല്ല ഒന്നാന്തരം റോഡ്‌ കിടക്കുമ്പ രാത്രിയില് മഴയത്ത് ആ ഇടുങ്ങിയ വഴിയിലൂടെ ഒറ്റക്ക് പോകേണ്ട വല്ല കാര്യോം ഒണ്ടോ ആ കുട്ടിക്ക് , അതിന്‍റെ സമയം ആയിക്കാണും അല്ലാതെന്നാ"
" ഉം , സമയമായി കാണും "
"മോനെ ഇവിടെ നല്ല ഇടിയും മഴയുമാ അമ്മ ഫോണ്‍ വെക്കുവാ.."
ഇവിടെയും ഈ മരുഭൂമിയിലും മഴയാ.. വല്ലപ്പോഴും ഒരിക്കല്‍ വഴിതെറ്റി എത്താറുള്ള മഴ ..

മുല്ലപ്പൂ കൊഴിയുന്നനാള്‍ -അവളിലെ മോര്‍ബിഡ്‌ ബ്യൂട്ടി അതിന്‍റെ എല്ലാ സൌന്ദര്യത്തോടും കൂടി പുറത്തുവരുന്ന നാള്‍.

മുറിയിലാകെ മുല്ലപ്പൂ മണം പരക്കുന്നു......ഇനി ഓര്‍മ്മകളുടെ കാവല്‍ക്കാരന്‍.......





മഞ്ഞ് അറിയാതെ മൂന്നു നിമിഷം.

നിനക്ക് വേധനിക്കുകയാണേൽ, ഉറക്കെ നിലവിളിക്കു,
അല്ലേൽ എന്നെ കെട്ടിപിടിച്ചു കൊണ്ട് ഒന്ന് കരയു...
ഇതെന്നെ വല്ലാതെ വേദന പെടുത്തുന്നു, നിനക്ക് മുന്നേ ഞാൻ മരിക്കുന്നതായി എനിക്ക് തോന്നുന്നു.
 
  "എനിക്ക് പേടിയാവുന്നു....എന്നെ പഴയ ജീവിതത്തിലേക്ക് കൊണ്ട് പോവുമോ "

എങ്ങനെ..എങ്ങനെ കഴിയും എനിക്ക്.

     " വേദന കൊണ്ട് പൊട്ടുന്നത് പോലെ എന്റെ ഹൃദയം...ഞാൻ നിന്നെ സ്നേഹിക്കുന്നു..ഹൃദയം കത്തി തീരാവുന്നത്ര ഞാൻ സ്നേഹിച്ചു.. ഒരു മരുന്നുകൾക്കും മാറ്റാൻ പറ്റാത്ത വിധം അത് കത്തി തീർന്നിരിക്കുന്നു.

ചുട്ടു പോള്ളുകയാണ് ഹൃദയം.."

അൽപ്പ നേരത്തേക്ക് വേണ്ടി എന്തിനു ഞാൻ നിന്നെ സ്നേഹിച്ചു, നിന്നെ നഷ്ടപെടുത്താൻ എനിക്കാവില്ല .. ഇത് വെറും അസുഗമാണ്‌.

മഴ പെയ്യുകയാണ്, ഇ മഴയ്ക്ക്‌ പോലും . എന്റെ സ്നേഹത്തെ തണുപ്പിക്കാൻ കഴിയില്ല .

ഇ മഴയിൽ, ഒരു മണിക്കൂറെങ്കിലും നീ സ്വപ്നം കണ്ട മുഴുവൻ ജനാലകൾ പതിച്ചുള്ള വീട് കിട്ടുകയാണേൽ..ഞാൻ നിന്നെ രണ്ടുകൈകളിലും എടുത്തു ചുംബിക്കുമായിരുന്നു...
ഞാനത് മുന്നേ ചെയ്തിട്ടുണ്ടെങ്കിൽ കൂടിയും.

സ്വപ്നങ്ങളിലും നീ എന്നെ പിന്തുടർന്ന് കൊണ്ടിരിക്കുന്നു, എപ്പോഴെല്ലാം രാത്രി കാലങ്ങളിൽ മൂടൽ മഞ്ഞിന്റെ സുഗന്ധം നിന്റെ കൂടെ ഞാൻ ആസ്വദിച്ചോ, അപ്പോഴെല്ലാം ഞാൻ തിരിച്ചറിയുകയായിരുന്നു..ഓരോ ദിവസത്തിന്റെയും സ്പർശം.

പക്ഷെ ഇപ്പോഴെനിക്കറിയാം, കണ്ണുകൾ അടങ്ങുകയാണെങ്കിൽ കൂടിയും  നിനക്കതു കാണാൻ സാധിക്കുമെന്ന്.

വിഡ്ഢീ, നിന്നോട് ഞാൻ പറഞ്ഞതല്ലേ, ഞാൻ കാത്തിരിക്കുന്നുണ്ടെന്ന്, എന്നീട്ടും.

     " എനിക്കറിയില്ല ഒന്നും...ഒരുപക്ഷെ ഇതൊക്കെ വായിക്കുന്നതിനു മുന്നേ ഞാൻ മരിച്ചേക്കാം"


എപ്പഴാണ് നീ ആദ്യമായി ചുംബിച്ചത്..?

    " എനിക്കറിയില്ല...പക്ഷെ അത് നിയായിരുന്നു"

നിനക്കറിയോ..എന്തുകൊണ്ട് ആ സമയം നീ കണ്ണുകൾ അടച്ചു പിടിച്ചതെന്ന്..?

    " അത്രത്തോളം ധീപ്തമായിരുന്നു..നിന്റെ സ്നേഹം.."

ആ നിമിഷങ്ങളിൽ എന്റെ കണ്ണുകളും അടഞ്ഞിരുന്നു..എനിക്ക് നീ നഷ്ടപെടുകയാനെന്നോർത്തു...

         "എപ്പോഴായിരുന്നു..?"

എന്ത് ?

        "നീ എന്നെ സ്നേഹിക്കാൻ തുടങ്ങിയത്...?"

നീ എന്റെ മുന്നിൽ ആദ്യമായി വന്നത് തൊട്ട്.....പക്ഷെ എനിക്ക് കഴിഞ്ഞില്ല നിനെ മടക്കി കൊണ്ടുവരാൻ.

    " വിഡ്ഢി, നിയെന്റെ സന്തോഷം കളയരുത്..ഇ തണുപ്പിൽ നിൻറെ മടിയിൽ കിടന്നു കൊണ്ട് ... ഒരു നിമിഷത്തേക്ക് ഞാനൊന്നുറങ്ങട്ടെ...

ഉം..
ഇ മഞ്ഞുകൾക്ക് ഇത് ആധ്യമായിരിക്കും... കിടക്കാം..പക്ഷെ മൂന്നു നിമിഷം മാത്രം.

നന്ദിത – മരണത്തെ സ്നേഹിച്ച പ്രണയിനി

Friday, September 27, 2013

"തണുത്തുറഞ്ഞ താഴ്വാരം തേടിപോയ നീ
കൊണ്ടുപോയത് എന്റെ ജീവിതമാണ്
കരിന്തിരി കത്തുന്ന നെയ്‌വിളക്കിലെ നാളം
എന്റെ ആത്മാവിനെ ചുട്ടു പൊള്ളിക്കുന്നു

ജീവിതം നീ എടുത്തുപോയപ്പോള്‍
എനിക്ക് നഷ്ടമായത് എന്റെ മനസ്സാണ്‌
മ്യതിയുടെ രണഭൂമികളില്‍ വിലപിച്ച് ഇനി
ഞാന്‍ എന്റെ നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം"

 
വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകരമാസത്തിലെ തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തുക്കളേയോ ബന്ധുജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താനാവാത്ത ഒരു സമസ്യയാണ് ആത്മഹത്യ എന്ന് നമുക്ക് കാട്ടിതരികയായിരുന്നു. ദാമ്പത്യജീവിതത്തിലെ താളപിഴകളാണ് ആ മരണത്തിനു കാരണമന്ന് സുഹ്യത്തുക്കളും ബന്ധുക്കളും വിധിയെഴുതി. എന്നാല്‍ അജ്ഞാതമായ കാരണങ്ങളാല്‍ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണക്കടിയില്‍ നിന്നും കണ്ടെടുത്ത ഡയറികുറിപ്പുകളായ് എഴുതിയ 59 കവിതകളടങ്ങിയ ഡയറി, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. നന്ദിത രഹസ്യമാക്കി സൂക്ഷിച്ചിരുന്ന നമ്പര്‍ ലോക്കിട്ട് ഭദ്രമക്കപ്പെട്ട ഇരുമ്പുപെട്ടി കുത്തിപൊളിച്ചതും, കണ്ടെടുക്കപ്പെട്ട ഡയറിയിലെ താളുകള്‍ ചീന്തിയെടുക്കപ്പെട്ടതും എന്തിനെന്നത് നന്ദിതയുടെ ഭര്‍ത്താവായ അജിത്തിന് മാത്രം അറിയാവുന്ന രഹസ്യം.എന്തിനായിരുന്നു നന്ദിത മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയത്? കൗമാരകാലം മുതല്‍ ഒരു ഉന്മാദിയെപോലെ നന്ദിത എന്നും മരണത്തെ സ്നേഹിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. 1982-ല്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കവിതയെഴുതിതുടങ്ങിയ നന്ദിത, കവിതകള്‍ എഴുതിയിരുന്നു എന്നറിയുന്നത് 1999-ല്‍ അവള്‍ മരിച്ചതിനു ശേഷം മാത്രം. ഡയറിയില്‍ സ്വന്തം കുറിപ്പുകള്‍ക്ക് താഴെ കൈയ്യൊപ്പിടാറുണ്ടായിരുന്ന നന്ദിതയുടെ ചില കവിതകളുടെ താഴെ പവിത്രന്‍, അമ്മു എന്നീ അപരിചിതവും അജ്ഞാതവുമായ പേരുകള്‍ കൊണ്ട് വ്യത്യസ്തമായ കൈപ്പടയില്‍ ഒപ്പിട്ടിരുന്നു. അമ്മു എന്നത് നന്ദിത മകള്‍ക്കിടാന്‍ കാത്തുവച്ചിരുന്ന പേരായിരുന്നുവന്ന് അജിത് പറയുന്നു.

“ഇന്നലെ രാത്രിയിലും
ഏതോ ഒരു പൂവിരിഞ്ഞിരിക്കും
ആ സുഗന്ധത്തില്‍ ആരൊക്കെയോ
മരിച്ചു വീണിരിക്കും” എന്ന കവിതയുടെ അടിയില്‍ പവിത്രന്‍ എന്ന പേരില്‍ ഒപ്പിട്ടിരുന്നു. മറ്റു പല കവിതകളുടേയും അരികില്‍ It is great, Very Nice, Excellent എന്നിങ്ങനെ പവിത്രന്റെ തന്നെ കൈപ്പടയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരാകരിക്കപ്പെട്ട നക്ഷത്ര സ്നേഹത്തിന്റെ അജ്ഞാത കരങ്ങളാകാം അതെന്ന് അജിത്തും വിശ്വസിക്കുന്നു.
നന്ദിത എന്നും വീട്ടുകാരില്‍ നിന്നും അകന്നു നിന്നായിരുന്നു സ്കൂള്‍ പഠനവും കലാലയ ജീവിതവും പൂര്‍ത്തിയാക്കിയത്. ഹോസ്റ്റലില്‍നിന്ന നന്ദിത തെന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായ കലാലയ ജീവിതം നന്നായി ആഘോഷിച്ചു. കോളജിലെ ആദ്യദിവസം, റാഗിംങ് ഗ്രൂപ്പിലുണ്ടായിരുന്ന നന്ദിത, നാട്ടുകാരി എന്ന പരിഗണനയില്‍ തന്നെ റാഗിംങില്‍ നിന്നും ഒഴിവാക്കിയതും, പച്ച ഹാഫ്‌ സ്ലീവ് ചുരിദാറുമിട്ട് ഹോസ്റ്റലിന്റെ മുന്നില്‍ വൈകുന്നേരങ്ങളില്‍ നന്ദിത സുഹ്യത്തുക്കളോട് സൊറപറഞ്ഞിരിക്കുന്നതും ജൂനിയറും നാട്ടുകാരിയുമായ സുമ ഇന്നലെപോലെ ഓര്‍ക്കുന്നു. കലാലയത്തില്‍ ഒരു പൂമ്പാറ്റയെപോലെ പറന്നുനടഞ്ഞ നന്ദിത സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും കലാസാഹിതിയിലും ഊര്‍ജ്ജസ്വലതയുള്ള ഒരു സംഘാടകകൂടിയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി 1993-ല്‍ നന്ദിത വയനാട്ടിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.
വ്യക്തിപരമായ, ഇന്നും നന്ദിതയുടെ ആരാധകര്‍ ദുരൂഹമന്നു കരുതുന്ന ഒരു സംഭവത്തെ തുടര്‍ന്ന് നന്ദിത വീട് വിട്ട് ചിരാലിലുള്ള ചെറിയമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. അത് നന്ദിതയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ചെറിയമ്മയുടെ വീട്ടില്‍ വച്ചാണ് നന്ദിത അജിത്തെന്ന സുമുഖനായ അയല്‍‌വാസിയെ ആദ്യമായ് കാണുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും യാതൊരു വിധ സാമ്യതയുമില്ലാതിരുന്നിട്ടും നന്ദിത അജിത്തുമായ് അടുപ്പത്തിലായി. വയനാട്ടിലും കോഴിക്കോടും മറ്റുമായ് അജിത്തിന്റെ ഒപ്പം തന്റെ പ്രണയകാലം ആഘോഷിച്ച നന്ദിത ഫാറൂക്കില്‍ വച്ച് അജിത്തിനെ രജിസ്റ്റര്‍ മാര്യേജ് ചെയ്ത് സ്വന്തം വീട്ടുകാരോട് പകപോക്കി. എന്തിന്റെ പേരിലാണ് നന്ദിത അജിത്തിനെ വിവാഹം കഴിച്ചതന്ന് മനസ്സിലാകുന്നില്ലന്ന് നന്ദിതയുടെ ബന്ധുവായ അജിത് നായറും, അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലന്ന് നന്ദിതയുടെ അമ്മ പ്രഭാവതിയും, നന്ദിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും, ക്യാന്‍സര്‍ ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ മുട്ടില്‍ വയനാട്‌ മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മലയാളം അദ്ധ്യാപികയായിരുന്നു ശ്രീലതയും പറയുന്നു.
“നീ നിര്‍വ്വികാരനാണ്, മോഹമില്ലാത്തവന്‍, നിനക്ക് എന്റെ ദു:ഖങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ല, നമ്മള്‍ തമ്മില്‍ ഒരേ സാമ്യത മാത്രം, നമ്മുടെ മനസ്സില്‍ ശൂന്യത കുടിയേറിയിരിക്കുന്നു” എന്ന് അജിത്തിനെ ആദ്യമായ് കാണുന്നതിനും വളരെ നാളുകള്‍ക്ക് മുന്‍പേ, തന്റെ ഡയറിയില്‍ എഴുതിയ നന്ദിത രണ്ടുതവണ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. പക്ഷേ അജിത്തിന് സമ്മതമായിരുന്നില്ല. അജിത്തിന്റെ ഇഷ്ടപ്രകാരമല്ലാതെ വിവാഹമോചനത്തിന് നന്ദിതയും തയ്യാറായിരുന്നില്ല. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും അവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നുവങ്കിലും അജിത്തിന് നന്ദിതയെ പ്രാണനായിരുന്നുവന്ന് നന്ദിതയുടെ അമ്മയും കൂട്ടുകാരി ശ്രീലതയും ശരിവയ്ക്കുന്നു.
വിവാഹത്തിനു മുന്‍പും അതിനു ശേഷവും ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത നന്ദിത ഒരിക്കല്‍ മാത്രം പച്ചകല്ലു വച്ച ഒരു നഗപടതാലി വേണമന്ന് അജിത്തിനോട് ആവശ്യപ്പെട്ടു. ജോലിയോ മറ്റ് വരുമാനമോ ഒന്നും ഇല്ലാതിരുന്നിട്ടും അജിത് ആ ആഗ്രഹം സാധിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഗള്‍ഫില്‍ പോകാനായ് ബോംബെയിലേക്ക് പോയ അജിത്തിന് ചില സാങ്കേതിക കാരണങ്ങളാല്‍ പോകാന്‍ കഴിയാതെ വരികയും ബോബെയില്‍ തന്നെ കുറെ നാള്‍ തങ്ങേണ്ടി വരികയും ചെയ്തു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാടുമുഴുവന്‍ അലഞ്ഞ് അജിത്തിന് ഇഷ്ടമുള്ള സാധനങ്ങളെല്ലാം വാങ്ങികൂട്ടി, കോളജില്‍ നിന്നും ലീവെടുത്ത് നന്ദിത ബോംബയിലെക്ക് പോയി. ഒരുപാട് സന്തോഷവതിയായ് ഏതാനും ദിവസങ്ങള്‍ ബോംബയില്‍ അജിത്തിനൊപ്പം ചിലവഴിച്ച് നന്ദിത നാട്ടിലേക്ക് തിരിച്ചുപോന്നു. മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മറ്റൊരാളുടെ ലീവ് വേക്കന്‍സിയിലായിരുന്നു നന്ദിത ജോലി ചെയ്തിരുന്നത്. ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോയിരുന്ന നന്ദിത ബോംബെയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഒരിക്കല്‍ കൂടി കൊടൈകനാലിലേക്ക് പോയി. അവിടനിന്നും തിരിച്ചെത്തുമ്പോള്‍ നന്ദിതക്ക് കോളജില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍കൂടിയായിരുന്നു ബാക്കി.
സി‌ല്‍‌വിയ പ്ലാത്തിന്റെ മരണ വാസനയുള്ള കവിതകളേയും, ആത്മഹത്യാരീതിയേയും ആരാധിച്ചിരുന്ന നന്ദിത, അവരുടെ കവിതകള്‍ക്കായി തന്റെ സ്വകാര്യ ഗ്രന്ഥശാലയില്‍ പ്രത്യേക ഇടം കണ്ടത്തിയിരുന്നു. മരിക്കുന്ന ദിവസം രാത്രിയില്‍ അത്താഴം കഴിഞ്ഞ് “എനിക്ക് ഒരു എസ്. റ്റി. ഡി കോള്‍ വരാനുണ്ട്, ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തോളാം” എന്ന് അമ്മയോട് പറഞ്ഞ് ഫോണ്‍കോളിനായ് കാത്തിരുന്നു. രാത്രി ക്യത്യം പത്തരക്ക് വന്ന ഫോണ്‍കോള്‍ നന്ദിതതന്നെ അറ്റന്‍ഡ് ചെയ്തു. വളരെ സന്തോഷവതിയായ് സംസാരിച്ചു തുടങ്ങിയ നന്ദിത ഫോണ്‍ കട്ട് ചെയ്യുമ്പോഴേക്കും വല്ലാതെ അസ്വസ്ഥയായിരുന്നു. മുകളിലത്തെ മുറിയില്‍ കൂട്ടിലിട്ട വെരുകിനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നന്ദിതയെ കണ്ടുകൊണ്ടാണ് അമ്മ പ്രഭാവതി ഉറങ്ങാന്‍ കിടന്നത്. കുറെ കഴിയുമ്പോള്‍ അവള്‍ കയറികിടന്ന് ഉറങ്ങിക്കൊള്ളും എന്നു കരുതിയ അവര്‍ ഉറങ്ങിപോയി. എന്തോ ഒരു ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്ന് ഓടിചെന്ന് നോക്കുമ്പോള്‍ ചുവരില്‍ ഒരു മുഴുനീളന്‍ നിഴല്‍ ആടുന്നതാണ് കണ്ടത്. അറുത്ത് താഴയിടുമ്പോള്‍ നല്ല ചൂടുണ്ടായിരുന്ന അവളുടെ ശരീരത്തില്‍ ജീവന്‍ നിലച്ചിരുന്നോ എന്നു സംശയം.
“ഞാന്‍ ഉരുകുകയാണ് ഉരുകുകയാണ്
ഉരുകുകയാണ്
നീയല്ലാതെ യാതൊന്നും
എന്നില്‍ ശേഷിക്കുന്നില്ല” എന്ന മാധവികുട്ടിയുടെ വരികള്‍ ഡയറിയിലെ മുഖകുറിപ്പായ് കുറിച്ചിട്ടിരുന്ന നന്ദിതയെ ഇത്രത്തോളം ഉരുക്കിയതെന്തായിരുന്നു? ഡയറിയിലെ ചില താളുകളില്‍ ചില പ്രത്യേക തീയ്യതികളുടെ അടിയില്‍ Missed you terribly എന്ന് എഴുതി വച്ചിട്ടുണ്ട്. ആരെയായിരുന്നു നന്ദിത ഇത്രത്തോളം നഷ്ടപ്പെടുത്തിയത്? “എനിക്ക് നഷ്ടമായത് എന്റെ ലക്ഷ്യമാണ്, എന്റെ ഹ്യദയമാണ്, എന്റെ നഷ്ടത്തെ ഞാന്‍ ശ്വസിക്കുന്നു” എന്നെഴുതിയ നന്ദിതയുടെ ഹ്യദയത്തിനുമേല്‍ കൈയ്യൊപ്പിട്ട ആ കരങ്ങള്‍ നഷ്ടമാകാന്‍ ആരായിരുന്നു കാരണക്കാര്‍? മരിക്കുന്നതിനു തൊട്ടുമുന്‍പ് വന്ന ആ അജ്ഞാത ഫോണ്‍കോള്‍ ആരുടേതായിരുന്നുവന്ന് വ്യക്തമായും അറിയുന്ന അജിത്ത്, അത് വെളിപ്പെടുത്താന്‍ തയ്യാറാകാത്തിടത്തോളം നന്ദിതയുടെ ആരാധകര്‍ക്ക് അത് എന്നും ഒരു ദുരൂഹത മാത്രമായിരിക്കും.

പ്രകൃതിയും പ്രാണനും

കവിതകളിൽ മഴ നിലക്കാതെ പെയ്യുകയും
ചുംബനങ്ങളിൽ പൂക്കൾ വാടാതെ നില്ക്കുകയും ചെയ്യുമ്പോൾ
ഓർമ്മകളിൽ നിരങ്ങൾ
വാരിത്തൂവുകയും ചെയ്യുന്ന പ്രണയം...
നിന്നെ പ്രണയിച്ചപ്പോഴെല്ലാം മഴയെയും..
നിന്നെ ചുംബിച്ചപ്പോഴെല്ലാം പൂക്കാലത്തെയും
നിന്നെ ഓർത്തപ്പോഴെല്ലാം
മഴവില്ലുകളെയും ഞാനറിഞ്ഞു...
നീയെൻറെ പ്രകൃതിയും പ്രാണനും തന്നെ.....

ഹേ മരണമേ...!!

Thursday, September 26, 2013

നിനക്കായ് മാത്രമാണ് ഞാൻ ഇത്രയും കാലം ഈ ഭൂമിയിൽ ജീവിച്ചത്. ഇന്ന് എന്റെ  ജീവിതം ഇവിടെ തീരുകയാണ് , ഞാൻ ഈ മണ്ണോടു അലിഞ്ഞു ചേരുവാൻ പോകുന്ന ഈ അവസാന നിമിഷവും എന്റെ മനസ്സും ശരീരവും നിനക്കായ് മാത്രം കേഴുന്നു. എന്റെ കാതുകൾ നിന്റെ മധുര ശബ്ദത്തിനായ്‌ മാത്രം കതോര്ക്കുന്നു .. ഇനിയെങ്കിലും പ്രിയ സഖി നീ എന്റേത് മാത്രം ആകുമോ?
 മരണമെത്തുന്ന ഈ നേരത്ത് നീ എന്റെ അരികിൽ  ഇത്തിരി നേരം ഇരുന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും ഇതിനായി ഞാൻ ഇത്രയും ആഗ്രഹിച്ചിട്ടില്ല, ഈ അവസാന നിമിഷം എന്റെ മനസ്സിലും ഒര്മയിലും എല്ലാം നീ മാത്രം മതി എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് വരെ ഞാൻ നിന്നോട് ചെയ്ത എല്ലാ തെറ്റുകൾക്കും എന്റെ മരണം കൊണ്ട് ഞാൻ മാപ്പ് അപേക്ഷിക്കുന്നു. ഇനി ഒരിക്കലും തുറക്കെണ്ടാതില്ലാത്ത എൻ കണ്ണുകളിൽ നിന്റെ മുഖം മൂടി കിടക്കണേ.. ഇനി ഒരിക്കലും കേൾക്കെണ്ടതില്ലാത്ത എൻ ചെവികളിൽ നിൻ സ്വര മുദ്ര ആകണേ..
 പ്രണയമേ നിന്നിലേക്ക്‌ നടന്നൊരീ വഴികൾ ഓർത്ത് ഞാൻ എന്റെ മനസ്സിനെ തണുപ്പിക്കുന്നു , ഈ ഓർമ്മകൾ മാത്രം മതി ഇനി ഒരു പുൽകൊടി ആയെങ്കിലും  എന്നെ മൂടുന്ന മണ്ണിൽ നിന്ന് ഉയിര്തെല്ക്കുവാൻ.
 ഇതൊന്നും ഇനി ഒരിക്കലും നടക്കില്ല എന്ന സത്യം അറിയുമ്പോൾ ഞാൻ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായ് യാത്രയാകും..

ഇരുൾ

Thursday, September 19, 2013

അകാരണമായാണ് പലപ്പോഴും മനസ്സ് പിടയ്ക്കുന്നത്‌. അപ്പോൾ തന്നെ പിടച്ചോട്ടെ എന്നും കരുതും. ഇപ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഒരവയവം മനസ്സ് തന്നെ. മനസ്സ് ഒരവയവം ആണോ . എങ്കിൽ അതിനെവിടെയാണ് സ്ഥാനം. അസ്ഥാനത്താണ് ചോദ്യങ്ങൾ , പലപ്പോഴും. പണ്ട് ചോദ്യവുമുണ്ടായിരുന്നില്ല. ഒരിക്കലും, ഉത്തരവും. അമ്മ തന്നെ പലപ്പോഴും കുഴങ്ങിയിട്ടുണ്ട്.
- ന്റെ ദൈവേ .. ന്റെ കാലം കഴിഞ്ഞാൽ ഇവളെങ്ങിന്യാ പെഴച്ചു പോവാ -
അതൊരു നെടുവീർപ്പിൽ അവസാനിക്കും. അമ്മയ്ക്കും അറിയാം. ഉത്തരം കിട്ടില്ലെന്ന്.
എങ്കിലും ഒരിക്കൽ അമ്മയോട് പറഞ്ഞു.
- അമ്മേ.. ഇനിക്ക് മരിക്കാനാ ഇഷ്ടം -
അമ്മ വല്ലാതെ നടുങ്ങുന്നത് അറിഞ്ഞു.
- ന്താ മോളെ . നീയിങ്ങനെ -
- ഒന്നൂല്ല. ഒരു തോന്നൽ-
- ന്റെ മോൾക്ക്‌ ഇനിയൊരിക്കലും ങ്ങനെ തോന്നല്ലേ .. -
അമ്മ കെഞ്ചി . കണ്ണുകൾ നിറഞ്ഞൊഴുകി . താൻ സാരിത്തലപ്പു കൊണ്ട് ഒപ്പിക്കൊടുത്തു.
എന്താണ് തന്റെ പ്രശ്നം!
ഏത് പ്രശ്നത്തിന്റെ നീർച്ചുഴിയിൽ കിടന്നാണ് താൻ പിടയ്ക്കുന്നത്‌ !
ഒന്നിനും ഉത്തരമുണ്ടാവില്ല. അല്ലെങ്കിൽ ഇല്ല.
നഗരത്തിലെ പ്രസിദ്ധ ഡോക്ടറെ തേടി പോയി ഒരിക്കൽ .
എന്തൊക്കെയോ ഡോക്ടറോട് പറഞ്ഞിരുന്നു.
ഉറക്കത്തിലെ ദുസ്വപ്നങ്ങൾ വരെ.
ആൾക്കൂട്ടത്തിനു നടുവിൽ പൂർണ നഗ്നയായി വലിച്ചിഴക്കുന്ന സ്ഥിരം സ്വപ്നം വരെ.
സ്വപ്നം കണ്ടു ഞെട്ടിയുണർന്ന് വിയർത്തൊലിച്ച അതെ ഭാവം ഡോക്ടറും കണ്ടു.
- കൂൾ ഡൌണ്‍ , നിങ്ങൾക്കൊന്നും ഇല്ല.അനാവശ്യ ചിന്തകൾ കളയുക. അത്രമാത്രം. ഇപ്പോൾ രണ്ടു ടാബ്ലെറ്റ്സ് . അത് കുറച്ചു കാലം കഴിക്കേണ്ടി വരും. -
ഡോക്ടർ ഒന്ന് നിർത്തി തന്നെ നിർന്നിമേഷനായി നോക്കി.
- കൂട്ടത്തിൽ ആരും വരാൻ ഉണ്ടായിരുന്നില്ലേ -
ഉത്തരം നല്കാത്തത്കൊണ്ട് പിന്നെ ചോദ്യം ഉണ്ടായില്ല.
ഒരാഴ്ച പോലും മരുന്ന് കഴിച്ചിരുന്നില്ല.
മരണത്തിന്റെ സാന്നിധ്യം നേരത്തെ താൻ തിരിച്ചറിഞ്ഞിരുന്നു. വീട്ടിൽ.
അമ്മയുടെ ദീർഘനാളായുള്ള കിടപ്പ് ഒരുദിവസം അവസാനിച്ചു. അൻപതിരണ്ടാമത്തെ വയസ്സിൽ അമ്മ വൃദ്ധയായിരുന്നു.
പിന്നീടുള്ള രാത്രികൾ ദുസ്വപ്നങ്ങളുടെ മേളനം ആയിരുന്നു. വിയർത്തൊലിച്ച രാത്രികാലങ്ങളിൽ ഇരുളിനെ സ്നേഹിക്കാൻ ശ്രമിച്ചു നോക്കി. കണ്‍ പോളകൾ അടച്ചുണ്ടാവുന്ന കൃത്രിമ ഇരുട്ടും , യഥാർത്ഥ ഇരുട്ടും തിരിച്ചറിയാൻ മനസ്സ് വെമ്പി.
പിന്നീടെപ്പോഴോ ഒരിരുണ്ട കയ്യിലേയ്ക്ക് അച്ഛൻ തന്നെ പിടിച്ചേൽപ്പിക്കുമ്പോൾ മറ്റൊരു നിർവികാരാവസ്ഥയിലേയ്ക്ക് വഴുതിയിറങ്ങിപ്പോവുന്നത് പോലെ തോന്നി.
തീക്ഷ്ണമായ ആദ്യരാത്രിയുടെ പിടിച്ചടക്കലിൽ നിന്നും കുതറിമാറി ഒറ്റയ്ക്ക് വീട്ടിലേയ്ക്ക്.
- മോളെ -
അച്ഛൻ ഒന്നേ വിളിച്ചുള്ളൂ...
-- മോളെ ആദ്യം ഭ്രാന്താസ്പത്രിയിൽ കൊണ്ട് പോ . ചികിൽസിക്ക്. എന്നിട്ടാലോചിക്കാം ഈ ബന്ധം തുടരണോ എന്ന് -
കറുത്ത കയ്യിന്റെ ഉടമയിൽ നിന്നും പുറത്തു വന്ന ഈ വാചകം കേട്ടപ്പോൾ എനിക്കാദ്യമായ് പൊട്ടിച്ചിരിക്കണമെന്നാണ് തോന്നിയത്.
വിഷണ്ണനായി ഇരിക്കുന്ന അച്ഛനെ നോക്കിയപ്പോൾ ചിരി വന്നില്ല.
തുറന്നു വെച്ച മിഴികളോടെ കസേരയിൽ മരവിച്ച് മരിച്ചിരിക്കുന്ന അച്ഛനെ നോക്കിയിരിക്കുമ്പോഴും കരച്ചിൽ വന്നിരുന്നില്ല .
ശവദാഹം കഴിഞ്ഞു തിരിച്ചു പോവുന്ന ആരൊക്കെയോ ചോദിക്കുന്നത് കേട്ടു.
- ഇക്കുട്ട്യെ എന്താ ചെയ്യാ -
- ന്റെ കാര്യം നോക്കാൻ എനിക്കറിയാം -
അത് പറഞ്ഞത് താനായിരുന്നോ !!
- കുറ്റല്ല തള്ളേം തന്തേം പോയത് - ആരോ പിറുപിറുക്കുന്നത് കേട്ടു.
തീരുമാനം ആയി. ഇനി എല്ലാർക്കും പോവാലോ.
അടച്ചിട്ട മുറിയിൽ നിന്നും വല്ലപ്പോഴും പുറത്തു വരും.
ഭക്ഷണ സാധനങ്ങൾ തീർന്നു തുടങ്ങിയിരിക്കുന്നു.
ചിരിക്കാനാണ് തോന്നുന്നത്. ആരുടെയോ നിഴൽ അകത്താകെ സഞ്ചരിക്കുന്നതായി തോന്നി. സൂത്രധാരൻ കടന്നു വരാറായോ !
സ്വാഗതം സൂത്രധാരാ. കാത്തിരിപ്പ് അവസാനിക്കാറായാൽ നേരിയൊരു മുന്നറിയിപ്പ് തരണം. മറ്റൊന്നിനുമല്ല.
എനിക്ക് പൂർണ നഗ്നയായി മലർന്നു കിടന്നു വേണം മരിക്കാൻ.
സുഖ സുന്ദരമായി.
അടച്ചു പൂട്ടിയ ജനലും വാതിലും ഒന്നുകൂടി പരിശോധിച്ചു.

ഇരുൾ നിറഞ്ഞ കർക്കിടക രാത്രി. മഴ ആർത്തലച്ചു പെയ്യുന്നു.
മുറിയിലാകെ വല്ലാത്ത ഒരു ഗന്ധം. ആദ്യമായ് താൻ രുചിയറിഞ്ഞ ഗന്ധം. മുലപ്പാലിന്റെ ഗന്ധം. പ്രകൃതിയുടെ ഗന്ധം. ഇത് നുകർന്ന് തീരും വരെ മാത്രം....
ഈ ഗന്ധത്തിലൂടെ ഞാനെന്റെ പൂർവികരിലേയ്ക്ക് കടന്നു ചെല്ലും.
ഈ ഗന്ധത്തിലൂടെ ഞാനെന്റെ മണ്ണിലേയ്ക്ക് കടന്നു ചെല്ലും..
ഇനിയവിടെ സ്ഥിരവാസമാക്കും .
ഞാൻ കണ്‍ ചിമ്മി തുറക്കുമ്പോൾ എനിക്കെപ്പോഴും എന്റെ സൂര്യനെ കാണണം . എന്റെ സൂര്യനെ....

കാമുകി

“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം, സത്യം”
കാമുകനെ കാത്തിരിക്കുന്ന ഒരു പ്രണയലേഖനം, ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പുസ്തകത്താളില്‍ അനക്കമില്ലാതിരിക്കുന്നു!!
അത്ഭുതമായിരുന്നു എനിക്ക്‌, ഇത്രയും കാലം ആ പ്രണയലേഖനം ഈ പുസ്തകതാളില്‍ ഒരുവിരല്‍ സ്പര്‍ശം പോലുമേല്‍ക്കാതെ കിടന്നതില്‍.
ഞാന്‍ പുറംചട്ട ഒന്നു കൂടി മറിച്ചുനോക്കി, അതെ ,അതുതന്നെ ഞാന്‍ വായിക്കാനേറെ കൊതിച്ചിരുന്ന ‘ഖസാക്കിണ്റ്റെ ഇതിഹാസം’.
പിന്നെ എണ്റ്റെ ഉള്ളില്‍ ഒരു ചോദ്യമായിരുന്നു,
‘ഇരുപതു വര്‍ഷത്തിനിടയില്‍ ഈ ലൈബ്രറിയില്‍ വിശപ്പടക്കാന്‍ വന്നവരില്‍ ഒരാള്‍ പോലും ഈ പുസ്തകം മറിച്ചുനോക്കാതെ പടിയിറങ്ങിയതെന്തേ?’
തെറ്റാണ്‌ ,മറ്റൊരാളുടെ  പ്രണയലേഖനം വായിക്കുന്നത്‌.
പക്ഷെ , ഇന്നേവരെ ഒരു പ്രണയലേഖനം പൊലും എന്നെ അഭിസംഭോധന ചെയ്തിട്ട്‌ ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഒരു കൌതുകം, ഞാന്‍ വായിച്ചുതുടങ്ങി.
“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം, സത്യം. നീ എനിക്ക്‌ പിന്നില്‍ നിന്‍റെ പ്രണയം വെളിപെടുത്തിയ നിമിഷം മുതല്‍, ഞാന്‍ അതിലേറെ പ്രണയം എന്‍റെ മനസ്സിലൊളിച്ചുവെച്ചു.
നിന്‍റെ  ഹൃദയം മിടിക്കുന്നത്‌ എനിക്ക്‌ വേണ്ടിയാണെന്ന് നീ പറഞ്ഞപ്പോഴും ,എന്‍റെ  ഹൃദയസ്പന്ദനം നീ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.
ഇന്ന്,കോളേജ്‌ ജീവിതത്തിലെ ഈ അവസാന ദിനത്തില്‍ ,ഞാന്‍ നിന്നോട്‌ ഈ പുസ്തകം വായിക്കാന്‍ പറഞ്ഞാലുടന്‍ നീയിതു തേടി വരുമെന്നെനിക്കറിയാം. നേരിട്ടു പറയാന്‍ വയ്യാത്തതുകൊണ്ടാണ്‌.
ഈ പ്രണയകാവ്വ്യത്തിലെ കോടാനുകോടി വാക്കുകളെ സാക്ഷിനിര്‍ത്തി, നീ കൊതിച്ച ആ വാക്ക്‌ നിന്‍റെ  കാമുകിയിതാ പറയുന്നു.
“എനിക്കിഷ്ടമാണ്‌”, വൈകുന്നേരം കോളേജിലെ ദേവദാരുവിന്‌ കീഴില്‍ ഞാന്‍ കാത്തിരിക്കുന്നുണ്ടാവും” .
എന്ന് നിന്‍റെ  സ്വന്തം കാമുകി.”
അവള്‍ ഒളിപ്പിച്ചുവെച്ച പ്രണയം ,അവനീ നിമിഷം വരെയും അറിഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അതിവിടെ കാണുമായിരുനില്ല.
തിരിച്ചുകിട്ടാത്ത പ്രണയം സൂക്ഷിക്കുന്ന അവന്‍റെ  ഹൃദയം പോലെ, അവസാന നിമിഷം വെളിപ്പെടുത്തിയ പ്രണയത്തിന്‌ ഉത്തരം കിട്ടാതിരിക്കുന്ന  അവളുടെ ഹൃദയം പൊലെ ,
എണ്റ്റെ ഹൃദയവും വിങ്ങി.
“എന്താ?” ഒരു ചിരിയോടെ ലൈബ്രേറിയന്‍ ചോദിച്ചു.
“ഒരു കത്ത്‌ ,ഈ പുസ്തകത്തിനുള്ളില്‍”.
“കത്തല്ല, പ്രണയലേഖനം അല്ലേ?”. ഞാന്‍ തലയാട്ടി.
“അതെടുക്കണ്ട,അവിടെയിരുന്നോട്ടെ ,വര്‍ഷങ്ങളായി അതവിടെയിരിക്കുകയാണ്‌ .
“അപ്പോ, ഇതുവരെയാരും?”
“ആ പുസ്തകത്തിണ്റ്റെ അവസാനം നോക്കൂ !”
ഞാന്‍ മറിച്ചുനോക്കി , ഇരുപതുവര്‍ഷങ്ങള്‍ക്കിടയില്‍, പലപ്പോഴായി ആശംസയെഴുതി തിരികെ വെച്ച മുന്നൂറ്റിയമ്പത്തിയെട്ടു പേരുകള്‍!
എണ്റ്റെ ചൊദ്യത്തിനുള്ള ഉത്തരം അക്കമിട്ട്‌ നിരത്തിയിട്ടുണ്ടായിരുന്നു,358 !
“നിന്നെ പോലെ ഈ പുസ്തകം വായിക്കാന്‍ കൊതിച്ച്‌ വന്ന ഇവരാരും തന്നെ ഈ പുസ്തകമെടുത്തിട്ടില്ല. വിങ്ങുന്ന മനസ്സും ,വിറക്കുന്ന വിരലുകളുമായി ആശംസ എഴുതി തിരികെ വെച്ചു, ഞാനടക്കം, മുന്നൂറ്റിയമ്പത്തിയെട്ട്‌ വ്യക്തികള്‍! വര്‍ഷങ്ങളായി , ആ പ്രണയലേഖനം കാത്തിരിക്കുകയാണ്‌,അവളുടെ കാമുകനെ”. ലൈബ്രേറിയന്‍ തിരിഞ്ഞുനടന്നു.
ഞാന്‍ ആ ഒരിക്കല്‍ കൂടി നോക്കി. എനിക്ക് കേള്‍ക്കാം, ആ പ്രണയലേഖനത്തിലെ ഓരോ വാക്കുകളിലുമുള്ള ആ കാമുകിയുടെ ഹൃദയമിടിപ്പുകള്‍.
“പ്രണയം ,നിശബ്ദയാണ്‌ ,പങ്കുവെക്കാന്‍ വാക്കുകളോ ,സ്വപ്നങ്ങളോ ,നിമിഷങ്ങളോ ഇല്ലാതെ തന്നെ വാചാലമാകുന്ന നിശ്ബ്ദത”
പ്രണയ സാക്ഷാത്കാരം നേര്‍ന്നുകൊണ്ട്‌,
359. XXX 
20/09/2013 
 

Most Reading